മുക്കം: കാരശേരി ബാങ്കിൽ വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയ കേസിൽ പിടിയിലായ പ്രതിയുമായി മുക്കം പൊലിസ് തെളിവെടുപ്പ് നടത്തി. ഓമശേരി അമ്പലക്കണ്ടി സ്വദേശി അഫ്സലിനെയാണ് മുക്കം പൊലിസ് കസ്റ്റഡിയിൽ വാങ്ങി ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ജൂലൈ ഒന്നിന് കാരശേരി ബാങ്കിൽ ഒന്നര പവനിലേറെ തൂക്കം വരുന്ന വ്യാജ സ്വർണവള പണയം വച്ച് ഒരു ലക്ഷത്തി ഏഴായിരം രൂപ തട്ടിയെടുത്ത കേസിലാണ് സംഭവം.
കൂരാച്ചുണ്ട് കെഎസ്എഫ്ഇയിൽ വ്യാജ സ്വർണം പണയം വച്ച് രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ശനിയാഴ്ച കൂരാച്ചുണ്ട് പൊലിസ് ഇയാളെ മൈസൂരിൽ നിന്ന് പിടികൂടിയിരുന്നു.
തുടർന്നാണ് മുക്കം പൊലിസ് കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടോയെന്ന അന്വേഷണവും നടക്കുന്നതായി പൊലിസ് അറിയിച്ചു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.